2010 ഡിസംബർ 11, ശനിയാഴ്‌ച

മഴ ബാക്കി വെച്ച ചോദ്യങ്ങള്‍

മഴയത്ത് തനിയെ നടക്കുമ്പോള്‍ 
ഓര്‍മ്മകള്‍ പെയ്യുന്നതേത് മേഘങ്ങളില്‍ നിന്ന്‌   ?


മഴ നൂലുകളില്‍ സ്വപ്നത്തിന്‍ പട്ടം       പറത്തുന്നതാര്‍ ?

പെരുമഴയത്ത് കവിതക്കുടയുമായ്  വന്ന കൂട്ട്   എവിടെ? 

നിന്റെ പ്രണയം അറിയിച്ചു കൊണ്ടുള്ള 
ചാറ്റല്‍ ഇനിയുമെന്നെ നനയ്ക്കാത്തതെന്തേയെന്നു
പരിഭവിക്കുന്നവളുടെ വിലാസം 
ഒലിച്ചു പോയത് ഏതു മഴയില്‍?

മഴ നനഞ്ഞെത്തുമ്പോള്‍ മുഷിഞ്ഞ തലയിണയും 
ഒറ്റപ്പുതപ്പും  പങ്കുവെച്ച കൂട്ടുകാരന്റെ 
മനസ്സിലെ വേനല്‍ എന്ന് തീരും ?

പുലരിയില്‍ മഴ നനച്ച പത്രതാളിലെ 
അജ്ഞാത ജഡത്തിന് എന്റെ മുഖച്ചായ
നല്‍കിയതാര് ? 
(ചിത്രം 
oktatabyebye.com ഇല്‍ നിന്നും )

2010 ഒക്‌ടോബർ 31, ഞായറാഴ്‌ച

കൂട്ട്

ഒരാള്‍ എപ്പോഴും കൂടെയുണ്ട് .
ഇടവഴിയിരുളിലും,
വീടകത്തും..
കാഴ്ചവെട്ടത്തിന്  പിടിതരാതെ...


പുലരിവണ്ടി പിടിക്കാന്‍ വെച്ച അലാറം ആരുമറിയാതെ 
നേരം തെറ്റിച്ചു വൈകിക്കുവാന്‍.


വിരല്‍ നീറുവോളം കല്ലില്‍ ഉരച്ചു വെളുപ്പിച്ചെടുത്ത
തുണികളില്‍ ആരുമറിയാതെ കരതെളിക്കുവാന്‍ 


ചെന്നികുത്താല്‍  വലഞ്ഞ് ഞാന്‍ മിഴിയടക്കുമ്പോള്‍ 
കാതരികില്‍ ഇരുന്നാര്‍പ്പ് വിളിക്കാന്‍



മുറിയില്‍ നിന്നും മുറിയിലേക്ക് ഞാന്‍ തിരക്കിട്ടോടുമ്പോള്‍
കുഞ്ഞ്‌ കുസൃതികളുമായ് സാരി തുമ്പില്‍ തൂങ്ങാന്‍ 


വിയര്‍പ്പു വാടയും മുട്ടിയുരുമ്മലുകളും അണപ്പല്ലിടയില്‍ ഞെരിച്ചമര്‍ത്തി 
തൂങ്ങിയാടിയുള്ള  ബസ്സു യാത്രക്കിടയിലും പണ്ടെങ്ങോ ഓര്‍മയില്‍ നിന്നും 
പറിച്ചു കളഞ്ഞ  പ്രണയഗാനം  മൂളി മിഴി നനയ്കുവാന്‍.

ഏറെ ശപിക്കും ഞാനാ കാണാത്ത  കൂട്ടിനെ 
എന്നാലുമാവില്ലെനിക്ക് പിരിഞ്ഞു ജീവിക്കുവാന്‍


ഒറ്റക്കിരുന്നു മിഴി നനയ്കുംപോഴേക്കും എത്തും 
വിരല്‍ നീട്ടി കണ്ണീര്‍ തുടക്കുവാന്‍..


എല്ലാ വിളക്കും കെടുമ്പോള്‍  നിറയും  ഇരുളിനോട് 
എന്നെ അലിയിച്ചെടുക്കാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ 
ഒക്കെയും പോട്ടെ ഞാനുണ്ട് നിന്‍ ചാരെ 
എന്നാശ്വസിപ്പിക്കുവാന്‍
അരുണ്ടെനിക്ക് 
നീയല്ലാതെ ഓമലെ....
(ചിത്രം  glospro.com ഇല്‍ നിന്നും )

2010 സെപ്റ്റംബർ 18, ശനിയാഴ്‌ച

പ്രണയം

പ്രണയമൊരു വാക്കിന്‍ 
കരുത്തിലിരുവര്‍   നമ്മ
ളൊരുമിച്ചു  യാത്രയാകുന്നു..


പുഴകളില്‍ , പാടത്തി-
നരുകില്‍ നാമിരുവരും 
പ്രണയമായ് പെയ്തു തീരുന്നു.

നിന്നില്‍ ഞാന്‍ 
വെയിലായ്  മുളയ്ക്കുന്നു 
നീയെന്നി-
ലൊരു നിലാവായ് പടരുന്നു.


പലതും പലകുറി പറയുന്നുവെങ്കിലും 
പറയാതെ ഒക്കെയും ബാക്കി...
സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കുമ്പോഴും 
കാണാന്‍ കിനാവുകള്‍ ബാക്കി...
പാതി തുറന്നിട്ട ജാലകത്തില്‍ കൂടി 
ഒരുമിച്ചു രാവു കാണുന്നു
രാപ്പുഴയ്ക്കപ്പുറം
കാറ്റ് മൂളീടുന്ന 
പാട്ടിന്നു കാത് നല്‍കുന്നു


ഇനി നമ്മള്‍ ഒരുമിച്ചു 
പരിഭവ കര്‍ക്കിടം
നനയുന്നു തമ്മിലറിയുന്നു
ഒരു കരം നീട്ടു നീ 
ഞാന്‍ പിടിച്ചോട്ടെ 
ഈ പെരുവഴി ഒന്നിച്ചു താണ്ടാം.

ശകുനം

 
ഒരു വഴിക്കിറങ്ങുമ്പോള്‍ 
വഴി മുറിഞ്ഞൊരു കരിംമ്പൂച്ച
മനസിലാരെയോ ശപിച്ച് 
വലിഞ്ഞു നടന്നു ...


വളവിനപ്പുറം ചെന്ന് 
തിരിഞ്ഞു നോക്കവേ 
മലവിഴുങ്ങി വരും ടിപ്പര്‍ 


പൊടിയും
പുകയും 
അലറി വിളികളും
ഒന്നടങ്ങിയപ്പോള്‍ 


റോഡരികിലെ 
അജ്ഞാത ജഡം 
ആയി 
മീന്‍ മണം മാറാ
പൂച്ച..

2010 ജൂൺ 29, ചൊവ്വാഴ്ച

ശീലം

ഏതേതു സമയങ്ങളി-
ലാര്‍ എവിടെയെന്നറിയണം.

നിഴല്‍വഴികള്‍
കുറ്റിക്കാട്
ഇരുട്ടുമറകള്‍
എല്ലാം പഠിക്കണം...

ചുവരിന്നുള്ളില്‍
പെയ്യും മഴയില്‍
നനഞ്ഞാടുമുടല്‍ മണം
എതെന്നറിയണം.

നിമ്നോന്നത
ശരീരഭാഷകള്‍
ഏത് ഇരുളിലും
വായിക്കാന്‍ പഠിക്കണം..

പുതുമോടി നാണം
പഴകുന്നതും
ഉടയാത്തോരുടലുക-
ലുലഞ്ഞാടിയമരും
കിതപ്പും കുതിപ്പും
നിലാവില അനങ്ങാതെ
കണ്ടു തന്നെ അറിയണം

പ്രായമേറെ ആയിട്ടും 
ഒളിഞ്ഞുനോട്ടം 
മറക്കാന്‍ ആവാത്തതിനാല്‍ 
ഞാനിപ്പോള്‍ 
വായിക്കാറ് ആത്മ കഥകളാണ് .


2010 ജൂൺ 24, വ്യാഴാഴ്‌ച

വില്പന

ഇന്നലെയെന്റെ ബൈക്ക് വിറ്റു.
തൊണ്ണൂറുകളുടെ രാജകുമാരന്‍..

ചിരിച്ചും കരഞ്ഞും തിരക്കിട്ടോടിയും
എന്നോടൊപ്പം ഒരു പതിറ്റാണ്ടിലേറെ 
ഉഴുതു തീര്‍ത്തത് ...

ഒറ്റച്ചവിട്ടില്‍ സ്റാര്‍ട്ടായി,  ഇരമ്പി,
വിരല്‍ സ്പര്‍ശം ഏല്ക്കുമ്പോഴേ
ഗിയറു മാറി,
ക്ലച്ചു വിട്ടാല്‍ മനസ് കണക്കു  കുതിക്കുന്ന 
പഴയകാലമല്ല 
അതിനിപ്പോള്‍.

സമയത്തെ അരച്ച് കളഞ്ഞു പായുന്ന 
മണല്‍ ലോറികളോട്
മത്സരിച്ചു പറന്ന്  ,
പെണ്‍ കോളെജിനു മുന്‍പിലൂടെ 
പ്രണയ ഹോണ്‍ മുഴക്കി ഒഴുകി നീങ്ങുന്ന 
വാലന്റൈന്‍ ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

പിന്നെ ഇടയ്ക്കിടെ 
പിണങ്ങിയും, പരിഭവിച്ചും 
ഏറെ ചവിട്ടിയിട്ടും സ്റാര്‍ട്ട്   ആവാതെ ,
കൈക്കരുത്താല്‍ ഗിയര്‍ മാറുമ്പോള്‍ 
പൊട്ടിത്തെറിച്ചും ,
അത്യാവശ്യങ്ങള്‍ക്ക്  ഇറങ്ങുമ്പോള്‍ 
അനാവശ്യ വാശികളുമായി
അരിശം കൊള്ളിച്ചു കൊണ്ടിരിക്കുന്നതിന്നിടയില്‍ 
പെട്ടന്ന് മുന്നറിയിപ്പില്ലാതെ 
പിണക്കം മറന്ന്  

സ്കൂളിലേക്കും ഓഫീസിലേക്കും 
ഫസ്റ്റ്‌ ഷോക്കും  
കുടുംബത്തെ മുഴുവന്‍ ചുമന്ന്
ചുമ പോലും അടച്ചു പിടിച്ച്
ഒരു കാലം....


ഒടുക്കം തണുത്തു,തനിച്ച്
പുത്തന്‍ സ്വിഫ്റിനു കാവലായി 
സ്ഥലവും പണവും ചുമ്മാ 
തിന്നുന്നുവെന്ന പഴി കേട്ട്,
'എന്നെയൊന്നു കൊടുത്ത് കളഞ്ഞേക്കണേ '
എന്ന് അമ്പല യാത്രകളില്‍ പ്രാര്‍ഥിച്ച്,
അമ്മ വടിയുമായി തിരികെ വിളിക്കും വരെ 
തൊട്ടും തടവിയും ഗിയറു മാറ്റിയും കളിക്കുന്ന 
കുട്ടികളെയും ചുമലിലേറ്റി 
മനപ്പാതയിലൂടെ പാഞ്ഞ്
ഉച്ചച്ചൂടില്‍ 
തൊലി അടര്ന്നും 
ചുളിഞ്ഞും 
അവസാനിക്കുമായിരുന്നു ...


വില്പന നടന്ന തിങ്കളാകട്ടെ
ഒറ്റച്ചവിട്ടില്‍ സ്റാര്‍ട്ടായി,  ഇരമ്പി,
വിരല്‍ സ്പര്‍ശം എല്ക്കുമ്പോഴേ
ഗിയറു മാറി,
ക്ലച്ചു വിട്ടാല്‍ മനസ് പോലെ പറന്ന്
പടികടന്ന്
എന്റെ ബൈക്ക് ...
 


 

2010 മേയ് 28, വെള്ളിയാഴ്‌ച

സ്വാത്രന്ത്യം

പുല്‍മേടുകള്‍ ,കാട്ടു പൊന്തകള്‍
കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍,
കാറ്റ്,കിളികള്‍...


ആകാശത്തോളം ഉയരുമ്പോഴും
താഴെ വലിയുന്നതു
നൂലാണ് ...


ചെവിയാട്ടി,
വാലാട്ടി,
വര്‍ണ ക്കടലാസു കൊണ്ട്
ആകാശത്തെഴുതി പഠിക്കുമ്പോഴും
താഴെ വലിയുന്നതു
നൂലാണ് ....


ഇരുള്‍ പെയ്യും  മുന്‍പ് താഴോട്ട്‌.


ഒരിക്കലും നിലാവ് കാണാതെ ..
കൂടണയും കിളികളോട്
വിശേഷം ചോദിക്കാതെ..


മേഘങ്ങളോടും കാറ്റിനോടും
യാത്ര പോലും
പറയാതെ
കു
ത്ത
നെ
താ
ഴേ
ക്ക്
വലിയുന്നതു   നൂലാണ് ...


പൊട്ടിക്കാന്‍ കൊതിയീ കടിഞ്ഞാണ്‍
ആകാശ ചെരുവില്‍ കുളമ്പടിക്കാന്‍
മേഘപ്പുറത്തേറി സവാരി ചെയ്യാന്‍
അങ്ങനെ അങ്ങനെ ...




എത്താ കൊമ്പത്ത്  കുരുങ്ങി
ഋതു ഭേദങ്ങള്‍ നനഞ്ഞ്‌
കടലാസ് കീറി
കാറ്റിലാടും
ഫോസിലിനറിയാം
സ്വാതന്ത്ര്യത്തിന്റെ അര്‍ഥം




(ചിത്രം ഗൂഗിള്‍ ഇമേജില്‍ നിന്നും )

2010 മേയ് 25, ചൊവ്വാഴ്ച

കടല് കാണാന്‍

കടല് കാണാന്‍ വരില്ല ഞാന്‍,കാറ്റിന്റെ
കരയുമൊച്ചയില്‍ മുങ്ങുവാനില്ല ഞാന്‍....
കടല് കാണാന്‍ വരില്ല ഞാന്‍ ആള്‍ക്കടല്‍
തിരകള്‍ എണ്ണാന്‍ വരില്ലാ വരില്ല ഞാന്‍....


 വെയില്‍ നനഞ്ഞു നാം താണ്ടിയ പാതകള്‍
നറുനിലാവില്‍ തുഴഞ്ഞോരാ പൊയ്കകള്‍
കാട്ടു ചോലകള്‍ കാര്‍മുകില്‍ മാലകള്‍,
പെയ്തു തോര്‍ന്നതാം   വരിഷപിണക്കങ്ങള്‍...
ഒച്ചയെല്ലാം ഒടുങ്ങി നാമൊന്നിച്ചു
കടല് കാണാന്‍ ഇരുന്നോരാ സന്ധ്യകള്‍...
എത്ര വട്ടം കുറിച്ചാലുമോര്‍ക്കുവാന്‍
ഒത്തിടാത്ത നിറം പൂത്ത രാവുകള്‍..
പൂക്കള്‍ പെയ്തൊരാ നാളുകള്‍,നാം നെയ്ത
നേര്‍ത്ത പട്ടിന്‍ കിനാവുകള്‍ ഒക്കെയും
ദൂരെയാണിനി,ഓര്‍മ്മ തന്‍ തീവെയില്‍
കാലു പൊള്ളിക്കുമുച്ചകള്‍ ബാക്കിയായ് .

കടല് കാണാന്‍ വരില്ല ഞാന്‍ തീരത്തെ
വിരലെഴുത്തുകള്‍ മാഞ്ഞു പോകും വരെ.
ഒറ്റയാകുന്ന പാതിര,പാട്ടിന്റെ
കാറ്റ് പോലും കടക്കാ തടവറ.
ഉത്തരങ്ങളെ കൊല്ലുന്ന ചോദ്യങ്ങള്‍..
ഉഷ്ണമാപിനിയി ലുരുകുന്ന  നോക്കുകള്‍..
തീ പിടിക്കുമീ ഓര്‍മ്മകള്‍ വാക്കിന്റെ
വേലി കെട്ടി നാം തീര്‍ത്തോരതിരുകള്‍

കടല് കാണാന്‍ വരില്ല ഞാന്‍ ഓര്‍മ്മ തന്‍
തിരകളൊക്കെ തിരിച്ചു പോകും വരെ..
കടല് കാണാന്‍ വരില്ല ഞാന്‍ എന്റെയീ
ഉള്ളിലെ കടല്‍ ശാന്തമാകും വരെ..
കടല് കാണാന്‍ വരില്ല ഞാന്‍ നിന്റെയീ
കണ്ണിലെ കടല്‍ പെയ്തു തോരും വരെ...

(ചിത്രം ഗൂഗിള്‍ ഇമേജില്‍ നിന്ന് )

2010 മേയ് 23, ഞായറാഴ്‌ച

സ്പെഷ്യല്‍ ഇന്ത്യന്‍ ഡിഷ്‌

തിളച്ചു പോകുന്ന പാല്‍ ,
പച്ചമുളക് നീറ്റം..,
കരയിപ്പിച്ചു
മുറിഞ്ഞു വീഴും ഉള്ളികള്‍...
കൌമാര പ്രണയം പോല്‍
പൊട്ടിത്തെറിച്ചു
തീരും കടുകുമണികള്‍
കഴുകിത്തീരാ പാത്രങ്ങള്‍
എത്ര ശ്രദ്ധിച്ചിട്ടും ചൂടാറാപാത്രം തുറക്കുമ്പോള്‍
നരകപാലം കണക്കൊരു മുടി

എന്നിട്ട് ഒടുക്കം ...
കരിയാതെ..
വെന്തുടയാതെ..
എരിവും പുളിയും ഉപ്പും
എല്ലാം 
കൃത്യമാക്കി...
എത്ര തണുത്തിട്ടും
ചൂടാറാതെയെന്നു നടിച്ച്
ചുളിവില്ലാ കിടക്കവിരിയിലേക്ക്
വിളമ്പി വെച്ചു....

ചിത്രം   Paintings  Anikeev Sergey - "Sleeping woman"

2010 മേയ് 17, തിങ്കളാഴ്‌ച

ക്രാഷ് ലാന്റ്

ഉണ്ണി കുടിച്ചപ്പോള്‍ 
ഒലിച്ചു വീണ പാല്ത്തുള്ളിയില്‍...
മുത്തശ്ശി കഴിച്ച് എഴുന്നേറ്റ
ഇലക്കീറില്‍...
മുറിച്ചു വെച്ച  കറി ക്കഷ്ണങ്ങളില്‍..
ഇവിടെയെല്ലാം ഇടമുണ്ടായിട്ടും 
ഇത്ര കൃത്യമായി 
അച്ഛന്  വെച്ച 
ചൂട് ചായയിലേക്ക്
ഈച്ച  പറന്നിറങ്ങുന്നു....

(ചിത്രം ഗൂഗിള്‍ ഇമേജില്‍ നിന്ന് )

2010 മേയ് 8, ശനിയാഴ്‌ച

മുതല

ഞാന്‍ ഇന്നലെയാണ് പുഴ കണ്ടത് .


നാല് ചുവരുകള്‍ക്ക് ഇടയിലൊരിക്കലും
സങ്കല്പിചെടുക്കാന്‍ ആവാത്ത
ആ വന്യതയിലേക്ക് ഇറങ്ങുമ്പോള്‍
പിളര്‍ന്ന വായും ആയി
ജലപാളികള്‍ തകര്‍ത്തു
ഒരു ഇരുണ്ട നിഴല്‍
നീന്തി വരുമെന്ന് ഞാന്‍ ഭയന്നു...


അപരിചിത ആഴങ്ങളുടെ
സാഹസികതകള്‍ തേടി
കുളിരുന്ന സ്വകാര്യതയെ
ആക്രമിച്ചു കീഴ്പെടുത്തി
ആഹ്ലാദിക്കുന്ന
ഓരോ നീന്തല്‍ക്കാരനെയും
കാത്തു
ആഴങ്ങളിലൂടെ ഊളിയിട്ടെത്തുന്ന
കൂര്‍ത്ത പല്ലുകളുടെ അത്ഭുതം
ഓരോ പുഴയുടെയും സ്വപ്നമോ  .. ?


പുഴയോരങ്ങളുടെ
പുരാതനമായ
ഒര്മയനത്രേ ആ
പിളര്‍ന്ന വായ....

2010 മാർച്ച് 25, വ്യാഴാഴ്‌ച


ആത്മഹത്യാക്കുറിപ്പ്‌
                                            ( സിജുവിന്) 


അറുത്തു മാറ്റിയ കൈകള്‍ 
അക്ഷരങ്ങളെ 
സ്വപ്നം കാണുന്നു... 


മുറിച്ചെറിഞ്ഞ നാവ് 
മുദ്രാവാക്യങ്ങള്‍ 
പുലമ്പുന്നു... 


തകര്‍ന്ന നട്ടെല്ല് ഗോപുരങ്ങള്‍ 
തിരയുന്നു... 


ചൂഴ്ന്നെടുത്ത കണ്ണുകള്‍ 
നിറങ്ങളെ 
ഓര്‍ക്കുന്നു...

നീ മറന്ന ഈ ജീവിതം 
ആത്മഹത്യയെ 
മോഹിക്കുന്നു .
മത്സ്യം  
തന്‍റെ രൂപമെടുത്ത 
ദൈവത്തെ സ്മരിച്ചും 
ഇരയെപ്പേറും ചൂണ്ടക്കൊളുത്തും
അടുക്കള മണവും കിനാക്കണ്ടും 
ഒരു മത്സ്യം....

ജീവിതത്തിന്റെ ഒഴുക്കില്‍
അലിഞ്ഞ ഈശ്വരന്മാരെ
തിരഞ്ഞും ,
എല്ലാ ഇരുട്ടില്‍ നിന്നും 
മോചനം തരുന്നവരുടെ 
ജാഥ ക്കൊളുത്തില്‍
കുരുങ്ങിയും 
ഞാന്‍...

2010 മാർച്ച് 22, തിങ്കളാഴ്‌ച

മോക്ഷം 


വിരുന്നവസാനിച്ച പാതിരാ കഴിഞ്ഞ്‌
എചില്‍ക്കൂനക്കരികില്‍
വേലക്കാരി പെറ്റിട്ടുപോയ
കുഞ്ഞിനു മോക്ഷം നല്‍കാന്‍
ദൈവം തീരുമാനിച്ചു.

ഒറ്റക്കണ്ണനായ കിഴവന്‍ നായുടെ
രൂപമെടുത്ത്
കുഞ്ഞിനെ സ്വര്‍ഗത്തിലേക്ക് വലിച്ചിഴക്കാന്‍
തുടങ്ങുമ്പോള്‍,
കൂര്‍ത്തൊരു എല്ലിന്‍ കഷണം ഏറ്റു
ദൈവത്തിന്റെ മറ്റേ കണ്ണും പോയി !

ദൈവത്തിനു സ്വര്‍ഗത്തില്‍ നിന്നും
എചില്‍ക്കൂനയിലേക്ക്
മോക്ഷം കൊടുത്ത്,
സ്വന്തം കാല്‍വിരലും നുണഞ്ഞു
കുഞ്ഞ്‌...
എച്ചിലില്‍.

2010 മാർച്ച് 21, ഞായറാഴ്‌ച

ഒരു മണിക്കൂര്‍ നേരത്തെ പ്രണയം


അവസാനിച്ചപ്പോഴാണ്  എല്ലാം തുടങ്ങിയത്.

ഒരു മണിക്കൂര്‍ നേരത്തെ പ്രണയം അവസാനിച്ചപ്പോള്‍ 
നമ്മള്‍ പരസ്പരം ചാരിയിരുന്നു.
ക്ലോക്കില്‍ വലുത് ചെറുത്‌ 
തീരെ നേര്ത്തത്..
സൂചികളുടെ
വൃത്ത സഞ്ചാരപാതകള്‍ .
അടച്ചിട്ട വാതിലിനപ്പുറം 
സൂചിതുമ്പില്‍ പിടഞ്ഞോടും
ജീവിതങ്ങള്‍.

ഓഫീസ്, സ്കൂള്‍,
നിലക്കാത്ത ഹോണടികള്‍
എല്ലാറ്റില്‍ നിന്നും മോഷ്ടിച്ചെടുത്ത 
ഒരു മണിക്കൂര്‍.
ചുവരില്‍ വീണ വെയിലിന്റെ വെള്ളിസൂചി 
സമയം കഴിഞ്ഞെന്നു നമ്മെ ഓര്‍മിപ്പിക്കുന്നു.
ഒരു മണിക്കൂര്‍ നമ്മളിലെന്താണ് പെയ്തത്..?


ആശുപത്രി വരാന്തകളിലെ കൂട്ടിരുപ്പു ഗന്ധങ്ങള്‍..
കയ്പ്പും എരിവും അല്പം മധുരവും തികട്ടുന്ന രുചികള്‍..
നടന്നു തേഞ്ഞ കാല്പാടിന്റെ മാറാല എഴുത്തുകള്‍.. 
അടുക്കിവെയ്ക്കാത്ത അലമാരയിലെ ഓര്‍മ്മകള്‍..
വീണ്ടും മുളക്കുന്ന പ്രണയം !!

കാറ്റില്‍ ഉലയുന്ന മരമായി 
നമ്മുടെ ജീവിതമാടിയുലഞ്ഞു..

കൂര്‍ത്ത സൂചിമുന കണ്ണുകളാല്‍ 
നീയെന്നെ നിന്നോട് ചേര്‍ത്ത് തുന്നി
ഒഴുക്കിലകലും മുന്‍പ് ഇലകള്‍ പരസ്പരമെന്ന പോലെ...

ഒരു മണിക്കൂര്‍ നേരത്തെ പ്രണയം
ഈയൊരു കൂര്‍ത്ത കവിതയില്‍ അവസാനിക്കട്ടെ...
ചിത്രം ഗൂഗിള്‍ ഇമേജില്‍  നിന്ന് 

2010 മാർച്ച് 18, വ്യാഴാഴ്‌ച

ശേഷം



ഇനി വിനിമയങ്ങള്‍ 
പ്രകാശ വര്‍ഷങ്ങള്‍ക്കും അകലെയാണ്.
നിന്നിലെക്കൊരു ഓര്‍മ പോലും 
വിക്ഷേപിക്കനാകാതെ ഞാന്‍.
ഒരു കൈ അകലത്തു  നിന്നും
നീ എനിക്കായ്  പറത്തിവിട്ട 
മിന്നാമിന്നികളെല്ലാം
ഇരുട്ട് തിന്നു മരിച്ചു...
നീ നടന്നു പോയ വഴിയില്‍ 
ഒരു മഞ്ചാടി പോലും അടയാളമിടരുത്...
ഞാന്‍ നിന്നെ മറന്നോട്ടെ.
 

2010 മാർച്ച് 3, ബുധനാഴ്‌ച

ഭയം


ഭയമാണ് മഴയെ, 
കിനാവിനെ,
കാറ്റിലെന്‍-
പടി കടന്നെതും സുഗന്ധ സ്വപ്നങ്ങളെ.

ഭയമാണ് മയിലിനെ,
മഴവില്‍ നിറങ്ങളെ,
പുഴകളില്‍ പെയ്യുന്ന കുളിരുന്ന മഞ്ഞിനെ.

ഭയമാണ് പകലിനെ, 
പാതിരാക്കാറ്റിനെ,
പല മുഖംമൂടിയില്‍ പരിചയം ഭാവിച്ചു 
വിരലില്‍ തോടുന്നോരീ ജീവിതാസക്തിയെ...

ഭയമെനിക്കെന്നെ,
എന്‍ നിഴല്‍ വീണ മണ്ണിനെ...
മറവിയില്‍ വറ്റാത്ത നിന്റെ കണ്ണീരിനെ..

മരണവീടാകുന്നു മാനസം,
പൊള്ളുന്ന 
മഴയേറ്റ്‌ വെന്തു പോയ്‌ തൊടികളും തോഴരും.
ഉടയുന്ന കണ്ണടയി-
ലൊടുവിലെ കാഴ്ചയായ് 
പ്രളയം വരട്ടെയെന്‍ പ്രണയതീരങ്ങളില്‍.....

2010 മാർച്ച് 2, ചൊവ്വാഴ്ച


പതുക്കെ ഓടുന്ന മീറ്ററിന്റെ 
ഓര്‍മ്മകള്‍ക്ക്  പിന്നില്‍ നിന്നും
നിലയ്ക്കാത്ത 
ഹോണടി 
പച്ച തെളിയുന്നതും കാത്തു 
നില്ക്കയാണീ നഗരം 
എനിക്ക് പിന്നില്‍ 
മുക്രയിട്ടോണ്ട്...

സാരോപദേശം


ഇഷ്ടമില്ലത്തതൊന്നും  
കാണിച്ചു തരില്ല.
അസൂയ ,കുശുമ്പ് 
ഒന്നും ഒരിക്കലും  അലട്ടില്ല.
ഒന്നിനുവേണ്ടിയും 
ആരുടെ മുന്നിലും 
വിട്ടുവീഴ്ചയോ കാത്തുനില്പ്പോ വേണ്ട.
വാങ്ങാന്‍ കിട്ടും
പലതരം...


കണ്ണാടി വാങ്ങുന്നത് 
വരെയുള്ള നേരം മാത്രമേ 
ഒരു ചങ്ങാതിക്ക് വേണ്ടി 
പാഴാക്കെണ്ടതുള്ളൂ

 

2010 ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ഒടുവില്‍

എനിക്കോര്‍മയില്ല ,
എന്റെ മനസ്സിന്റെ ചിലന്തിവലകളില്‍
കുരുങ്ങിപ്പോയ
നിന്റെ ശലഭക്കിനാക്കളെ..
 
പുറന്തോടുകള്‍ അടര്‍ത്തും തോറും
ഇല്ലാതാകുന്ന ഉള്ളിയാണ്
നിന്റെ പ്രണയം
രൂക്ഷ ഗന്ധമുള്ള,
എരിവുള്ള,
മറക്കാനെളുപ്പമുള്ള ഒന്ന്.

സന്ധ്യയും സ്വപ്നങ്ങളും
കടലില്‍ കളഞ്ഞ്‌
അവസാന പ്രണയത്തിന്റെ
നിത്യ ശാന്തിക്കായ്‌
ബലിയിട്ടു മടങ്ങവേ .....
പിണ്ഡം കൊത്താനെത്തുന്ന
കാക്കകളില്‍ ഒന്നിന് 
നിന്റെ മുഖച്ഛായ...

pravasakavitha  
(2000 തിലെഴുതിയത്)