2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

കൂട്ട്

ഒരാള്‍ എപ്പോഴും കൂടെയുണ്ട് .
ഇടവഴിയിരുളിലും,
വീടകത്തും..
കാഴ്ചവെട്ടത്തിന്  പിടിതരാതെ...


പുലരിവണ്ടി പിടിക്കാന്‍ വെച്ച അലാറം ആരുമറിയാതെ 
നേരം തെറ്റിച്ചു വൈകിക്കുവാന്‍.


വിരല്‍ നീറുവോളം കല്ലില്‍ ഉരച്ചു വെളുപ്പിച്ചെടുത്ത
തുണികളില്‍ ആരുമറിയാതെ കരതെളിക്കുവാന്‍ 


ചെന്നികുത്താല്‍  വലഞ്ഞ് ഞാന്‍ മിഴിയടക്കുമ്പോള്‍ 
കാതരികില്‍ ഇരുന്നാര്‍പ്പ് വിളിക്കാന്‍



മുറിയില്‍ നിന്നും മുറിയിലേക്ക് ഞാന്‍ തിരക്കിട്ടോടുമ്പോള്‍
കുഞ്ഞ്‌ കുസൃതികളുമായ് സാരി തുമ്പില്‍ തൂങ്ങാന്‍ 


വിയര്‍പ്പു വാടയും മുട്ടിയുരുമ്മലുകളും അണപ്പല്ലിടയില്‍ ഞെരിച്ചമര്‍ത്തി 
തൂങ്ങിയാടിയുള്ള  ബസ്സു യാത്രക്കിടയിലും പണ്ടെങ്ങോ ഓര്‍മയില്‍ നിന്നും 
പറിച്ചു കളഞ്ഞ  പ്രണയഗാനം  മൂളി മിഴി നനയ്കുവാന്‍.

ഏറെ ശപിക്കും ഞാനാ കാണാത്ത  കൂട്ടിനെ 
എന്നാലുമാവില്ലെനിക്ക് പിരിഞ്ഞു ജീവിക്കുവാന്‍


ഒറ്റക്കിരുന്നു മിഴി നനയ്കുംപോഴേക്കും എത്തും 
വിരല്‍ നീട്ടി കണ്ണീര്‍ തുടക്കുവാന്‍..


എല്ലാ വിളക്കും കെടുമ്പോള്‍  നിറയും  ഇരുളിനോട് 
എന്നെ അലിയിച്ചെടുക്കാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ 
ഒക്കെയും പോട്ടെ ഞാനുണ്ട് നിന്‍ ചാരെ 
എന്നാശ്വസിപ്പിക്കുവാന്‍
അരുണ്ടെനിക്ക് 
നീയല്ലാതെ ഓമലെ....
(ചിത്രം  glospro.com ഇല്‍ നിന്നും )