2010, ജൂൺ 24, വ്യാഴാഴ്‌ച

വില്പന

ഇന്നലെയെന്റെ ബൈക്ക് വിറ്റു.
തൊണ്ണൂറുകളുടെ രാജകുമാരന്‍..

ചിരിച്ചും കരഞ്ഞും തിരക്കിട്ടോടിയും
എന്നോടൊപ്പം ഒരു പതിറ്റാണ്ടിലേറെ 
ഉഴുതു തീര്‍ത്തത് ...

ഒറ്റച്ചവിട്ടില്‍ സ്റാര്‍ട്ടായി,  ഇരമ്പി,
വിരല്‍ സ്പര്‍ശം ഏല്ക്കുമ്പോഴേ
ഗിയറു മാറി,
ക്ലച്ചു വിട്ടാല്‍ മനസ് കണക്കു  കുതിക്കുന്ന 
പഴയകാലമല്ല 
അതിനിപ്പോള്‍.

സമയത്തെ അരച്ച് കളഞ്ഞു പായുന്ന 
മണല്‍ ലോറികളോട്
മത്സരിച്ചു പറന്ന്  ,
പെണ്‍ കോളെജിനു മുന്‍പിലൂടെ 
പ്രണയ ഹോണ്‍ മുഴക്കി ഒഴുകി നീങ്ങുന്ന 
വാലന്റൈന്‍ ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

പിന്നെ ഇടയ്ക്കിടെ 
പിണങ്ങിയും, പരിഭവിച്ചും 
ഏറെ ചവിട്ടിയിട്ടും സ്റാര്‍ട്ട്   ആവാതെ ,
കൈക്കരുത്താല്‍ ഗിയര്‍ മാറുമ്പോള്‍ 
പൊട്ടിത്തെറിച്ചും ,
അത്യാവശ്യങ്ങള്‍ക്ക്  ഇറങ്ങുമ്പോള്‍ 
അനാവശ്യ വാശികളുമായി
അരിശം കൊള്ളിച്ചു കൊണ്ടിരിക്കുന്നതിന്നിടയില്‍ 
പെട്ടന്ന് മുന്നറിയിപ്പില്ലാതെ 
പിണക്കം മറന്ന്  

സ്കൂളിലേക്കും ഓഫീസിലേക്കും 
ഫസ്റ്റ്‌ ഷോക്കും  
കുടുംബത്തെ മുഴുവന്‍ ചുമന്ന്
ചുമ പോലും അടച്ചു പിടിച്ച്
ഒരു കാലം....


ഒടുക്കം തണുത്തു,തനിച്ച്
പുത്തന്‍ സ്വിഫ്റിനു കാവലായി 
സ്ഥലവും പണവും ചുമ്മാ 
തിന്നുന്നുവെന്ന പഴി കേട്ട്,
'എന്നെയൊന്നു കൊടുത്ത് കളഞ്ഞേക്കണേ '
എന്ന് അമ്പല യാത്രകളില്‍ പ്രാര്‍ഥിച്ച്,
അമ്മ വടിയുമായി തിരികെ വിളിക്കും വരെ 
തൊട്ടും തടവിയും ഗിയറു മാറ്റിയും കളിക്കുന്ന 
കുട്ടികളെയും ചുമലിലേറ്റി 
മനപ്പാതയിലൂടെ പാഞ്ഞ്
ഉച്ചച്ചൂടില്‍ 
തൊലി അടര്ന്നും 
ചുളിഞ്ഞും 
അവസാനിക്കുമായിരുന്നു ...


വില്പന നടന്ന തിങ്കളാകട്ടെ
ഒറ്റച്ചവിട്ടില്‍ സ്റാര്‍ട്ടായി,  ഇരമ്പി,
വിരല്‍ സ്പര്‍ശം എല്ക്കുമ്പോഴേ
ഗിയറു മാറി,
ക്ലച്ചു വിട്ടാല്‍ മനസ് പോലെ പറന്ന്
പടികടന്ന്
എന്റെ ബൈക്ക് ...