2010, മേയ് 28, വെള്ളിയാഴ്‌ച

സ്വാത്രന്ത്യം

പുല്‍മേടുകള്‍ ,കാട്ടു പൊന്തകള്‍
കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍,
കാറ്റ്,കിളികള്‍...


ആകാശത്തോളം ഉയരുമ്പോഴും
താഴെ വലിയുന്നതു
നൂലാണ് ...


ചെവിയാട്ടി,
വാലാട്ടി,
വര്‍ണ ക്കടലാസു കൊണ്ട്
ആകാശത്തെഴുതി പഠിക്കുമ്പോഴും
താഴെ വലിയുന്നതു
നൂലാണ് ....


ഇരുള്‍ പെയ്യും  മുന്‍പ് താഴോട്ട്‌.


ഒരിക്കലും നിലാവ് കാണാതെ ..
കൂടണയും കിളികളോട്
വിശേഷം ചോദിക്കാതെ..


മേഘങ്ങളോടും കാറ്റിനോടും
യാത്ര പോലും
പറയാതെ
കു
ത്ത
നെ
താ
ഴേ
ക്ക്
വലിയുന്നതു   നൂലാണ് ...


പൊട്ടിക്കാന്‍ കൊതിയീ കടിഞ്ഞാണ്‍
ആകാശ ചെരുവില്‍ കുളമ്പടിക്കാന്‍
മേഘപ്പുറത്തേറി സവാരി ചെയ്യാന്‍
അങ്ങനെ അങ്ങനെ ...




എത്താ കൊമ്പത്ത്  കുരുങ്ങി
ഋതു ഭേദങ്ങള്‍ നനഞ്ഞ്‌
കടലാസ് കീറി
കാറ്റിലാടും
ഫോസിലിനറിയാം
സ്വാതന്ത്ര്യത്തിന്റെ അര്‍ഥം




(ചിത്രം ഗൂഗിള്‍ ഇമേജില്‍ നിന്നും )