2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

ഇവിടെ

അനുഗ്രഹങ്ങളുടെ നല്ല കാലം അയവെട്ടി ഉറങ്ങുന്ന 
ദൈവത്തിന്‌
അസാധു അടയാളത്തില്‍ വോട്ടു ചെയ്യാനുള്ള 
ചുവരെഴുത്തുകള്‍ മാഞ്ഞു തുടങ്ങിയിരിക്കുന്നു.

ഇരുട്ട് വീണ വഴികളില്‍ അന്ധന്മാരാല്‍ നയിക്കപെടുന്ന 
എലികള്‍ കൂടുതല്‍ നല്ല കെണികള്‍ കിനാവ്‌ കാണുന്നു...
സ്വാതന്ത്ര്യം കൊണ്ട് വഞ്ചിക്കപ്പെട്ട  ജനതയുടെ  വിലാപങ്ങള്‍ 
ആര്‍ക്കു വേണ്ടിയുള്ള സംഗീത വിരുന്നാണ് ?

വേദി മൂന്നില്‍ ഊമകളുടെ പ്രസംഗ മത്സരം തുടങ്ങിയത്രേ ..!

സ്വര്‍ഗങ്ങളുടെ ചങ്ങല പൊട്ടിച്ച ജീവിതം 
കാലു വെന്ത നായ കണക്കു തെരുവിലൂടെ 
ഓടുന്നു ...
മരണത്തിലേക്കുള്ള വഴി തിരിച്ചറിയാന്‍ ആകാതെ 
ഇങ്ങനെ....
ജനാധിപത്യത്തിന്റെ കറ
എന്റെ ചൂണ്ടു വിരലില്‍ നീറി പിടിക്കുന്നു,
അറ്റങ്ങള്‍ കാണാത്ത 
ഈ ജാഥയില്‍ എനിക്ക് പിറകെ  
ആരാണ് ?

അകലെ വെളിച്ചത്തിന്റെ തിരി കെടാതിരിക്കാന്‍
കുനിഞ്ഞു നില്‍ക്കുന്ന വൃദ്ധ വൃക്ഷമാണ്  തണല്‍...
എനിക്കങ്ങോട്ട് പോകണം . 
(ചിത്രം ഗൂഗിള്‍ ഇമെജെസില്‍ നിന്നും )