2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

കാവടിയാടുന്നവന്‍ 


ആടുകയാണ് നീ കാവടി
ചുറ്റിലും
നാദസ്വരം തകില്‍ മേളക്കൊഴുപ്പുകള്‍....

ആടിയുലയുകയാണ് 
കടലാസ് പൂക്കാടിനുള്ളില്‍ നീ
പൂമരം മാതിരി.

ആടിത്തിമിര്‍പ്പു നീ
കാവടിയേറ്റി,  
നിന്‍ ചുറ്റുമിരംബുന്നു
കാണികള്‍ കാറ്റുപോല്‍...

വാണിഭചന്തത്തിരക്കിനുള്ളില്‍ നിന്നും
സ്വപ്നം കൊരുത്തിട്ട ചാട്ടുളികണ്ണുകള്‍ 
വന്നുഴിയുന്നുണ്ട് നിന്നെ , നീയൊക്കെയു-
മേറ്റ് ചുവടുവെച്ച്ചാടുന്നു കാവടി.

വീഴുന്ന വര്‍ണ കടലാസുപൂവിനാ-
യാര്‍ക്കുന്നു കുട്ടികള്‍ നിന്നുടെ ചുറ്റിലും...

ഓരോ ചുവടിലും ലോകമളന്നു നീ
ആടുന്നു കാവടി ഉത്സവം തന്നെയായ്‌.

കണ്ണുമുറുക്കെ അടച്ചും മയില്‍‌പീലി കൈകളിലെന്തിയും 
നാവു തുളച്ചും 
ഹരഹരോ എന്ന് വിളിച്ചും 
ചിന്തുപാട്ടിന്റെ താളത്തില്‍ നിന്‍ ചുറ്റു-
മാറുന്നു ആണ്ടികള്‍ കാവടിക്കൊപ്പമായ് ...


ആട്ടം കഴിഞ്ഞു...
ആള്‍ക്കൂട്ടം പിരിഞ്ഞു...
ഏറ്റുന്നു നീ നിലക്കാവടി പിന്നെയും 

മേളമില്ലാതെ..
കാണികള്‍ ആര്‍പ്പു വിളിക്കാതെ..
ആരുമോളികന്നെറിയാതെ...

ഒറ്റയ്ക്ക് തീവെയില്‍ ചോട്ടില്‍ നീ 
ആടുന്നു കാവടി പിന്നെയും 
 നിര്‍ത്താതെ...

ആടിത്തളരുന്നു കാലുകള്‍ എങ്കിലും 
ആടാതിരിക്കുവാന്‍ വയ്യ തീക്കാവടി 

തൊണ്ട വരളുന്നു എങ്കിലും
ഇറ്റുമിനീര്‍ പോലു-
മൊട്ടിരക്കാതെ  നീ-
യാടുന്നു കാവടി 

ഒട്ടുറക്കെ നീ വിളിക്കുന്നു 
മറ്റാരുമൊട്ടു കേള്‍ക്കാതെ 

ഹരഹരോ ഹര ഹരാ...